തിരുവനന്തപുരം: സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കര്‍. കേസ് നടക്കുകയാണ്. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മറ്റൊരു പുസ്തകമിറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിൻ്റെ ആത്മകഥ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിൻ്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു.
കടുത്ത ആരോപണങ്ങൾ നേരിടുമ്പോഴും കേന്ദ്ര ഏജൻസിയെ നിശ്ചയിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് വിശ്വസനീയ വിവരമെന്നാണ് സ്വപ്ന സുരേഷ് അവകാശപ്പെടുന്നത്. കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. കേസിൽ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാം. കേസുമായി ബന്ധപ്പെട്ട ചാറ്റുകൾ എല്ലാം സത്യം ആണ്. ശിവശങ്കർ അടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി.
ബാഗേജ് വിട്ടുകിട്ടാൻ താൻ സഹായിച്ചില്ലെന്ന ശിവശങ്കറിന്‍റെ വാദവും സ്വപ്ന പൂർണമായി തളളി. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്ന ശിവശങ്കറിന്‍റെ വാദം ശരിയല്ലെന്നും ബാഗിൽ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിന്‍റെ പുസ്തകത്തിലെ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകൾ. സ്വപ്നയ്ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിയില്ലെന്നായിരുന്നു തന്‍റെ ആത്മകഥയില്‍ ശിവശങ്കര്‍ പറഞ്ഞത്.
സ്വപ്നയുമായി മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോൾ സ്വപ്ന ആദ്യം ഫോൺ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാൻ സഹായം തേടി. കസ്റ്റംസ് നടപടികളിൽ ഇടപെടാനാകില്ലെന്നാണ് മറുപടി നൽകിയത്. ബാഗേജിൽ സുഹൃത്തായ സരിത്തിനു വേണ്ട് ഡ്യൂട്ടി അയക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്നം പറഞ്ഞത്. സ്വപ്നക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ അസ്തപ്രജ്ഞനായെന്നാണ് ശിവശങ്കർ തന്‍റെ ആത്മകഥയില്‍ കുറിച്ചിരിക്കുന്നത്.

















