തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ പോലീസ് അനധികൃതമായി ഇടപെട്ടു. കസ്റ്റഡിയില്‍ വെച്ച് സ്വപ്‌ന ശബ്ദരേഖ നല്‍കിയതിലൂടെ ഇത് വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തും നിയമവിരുദ്ധ പ്രവര്‍ത്തനവും നടന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎം-ബിജെപി ധാരണപ്രകാരമാണിത്. ശബ്ദരേഖയിലെ ഗുഢാലോചന അന്വേഷിക്കണമെന്നും സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ചതെല്ലാം ശരിയാണെന്ന് തെളിഞ്ഞെന്നായിരുന്നു മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തിന് സഹായം ചെയ്തു എന്ന് ഇപ്പോൾ വ്യക്തമായെന്നും ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടു എന്നും സ്വപ്നയുടെ മൊഴിയോടെ തെളിഞ്ഞെന്നും പറഞ്ഞ ചെന്നിത്തല ഇപ്പോൾ ഉയർന്ന വിവാദങ്ങൾക്കെല്ലാം മുഖ്യമന്ത്രി പറയണമെന്നും ആവശ്യപ്പെട്ടു. ശിവശങ്കറിന്‍റെ ആത്മകഥയിലെ വാദങ്ങളെ ചോദ്യംചെയ്യുന്ന വെളിപ്പെടുത്തലുകളാണ് ഇന്നലെ സ്വപ്ന നടത്തിയത്.
കടുത്ത ആരോപണങ്ങൾ നേരിടുമ്പോഴും കേന്ദ്ര ഏജൻസിയെ നിശ്ചയിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് വിശ്വസനീയ വിവരമെന്നാണ് സ്വപ്ന സുരേഷ് അവകാശപ്പെടുന്നത്. കേസിൽ തനിക്ക് അറിയാവുന്നത് എല്ലാം ശിവശങ്കറിനും അറിയാം. കേസുമായി ബന്ധപ്പെട്ട ചാറ്റുകൾ എല്ലാം സത്യം ആണ്. ശിവശങ്കർ അടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി.
ബാഗേജ് വിട്ടുകിട്ടാൻ താൻ സഹായിച്ചില്ലെന്ന ശിവശങ്കറിന്‍റെ വാദവും സ്വപ്ന പൂർണമായി തളളി. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്ന ശിവശങ്കറിൻ്റെ വാദം ശരിയല്ലെന്നും ബാഗിൽ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.

















