പാല: ആഹാരത്തില്‍ നിരന്തരം മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശി സതീഷ് ആണ് പരാതിയുമായി വ്യാഴാഴ്ച പോലീസിനെ സമീപിച്ചത്.
പരാതിക്കാരനായ യുവാവിന് തുടര്‍ച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നു. ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാല്‍ 2021 സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാൽ തോന്നിയ സംശയം ആണ് ഈ കേസിലേക്ക് വഴിത്തിരിവായത്.
യുവാവിന്റെ ആവശ്യപ്രകാരം ഭാര്യയുടെ കൂട്ടുകാരി തിരക്കിയപ്പോഴാണ് 2015 മുതൽ ഭര്‍ത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി പറയുകയായിരുന്നു. മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവ് സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
2006 ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനുശേഷം 2008ല്‍ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടില്‍ താമസമാക്കി. വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞത് മുതല്‍ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നതായി യുവാവ് പറയുന്നു.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പരാതി അന്വേഷിച്ച പോലീസിന് കാര്യങ്ങൾ ബോധ്യപ്പെടുകയും ഭാര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.