ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അന്തിമ ലൊക്കേഷന്‍ സര്‍വേ, ലാന്റ് പ്ലാന്‍ അനുമതി എന്നിവ ഇല്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല. പദ്ധതിയിലെ ഗുരുതരമായ പിഴവുകള്‍ ഈ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
കേന്ദ്രമന്ത്രി വി മുരളീധരന്‍, മെട്രോമാന്‍ ഈ ശ്രീധരന്‍, കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരുള്‍പ്പെടുന്ന ബി.ജെ.പിയുടെ പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയതെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ റെയിൽവേ വ്യക്തമാക്കി. പദ്ധതിയുടെ ഡിപിആർ ഇപ്പോഴും റെയിൽവേ ബോർഡിൻ്റെ പരിഗണനയിലാണ്. എന്നാൽ ഇപ്പോഴും ഡിപിആറിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്നും റെയിൽവേ വ്യക്തമാക്കി.
ഡിപിആറിന് അനുമതി നൽകാത്തതിനാല്‍ സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പദ്ധതിയുടെ സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ ഒന്നും പറയുന്നില്ല. അലൈന്‍മെന്‍റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യത റിപ്പോര്‍ട്ട് നല്‍കാന്‍ കെറെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.

















