കീവ്: യുക്രെയിൻ – റഷ്യ യുദ്ധസാഹചര്യം കടുത്തതോടെ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചു. സൈന്യം ഉടൻ തന്നെ പോളണ്ട്, റൊമാനിയ, ജർമ്മനി എന്നിവിടങ്ങളിലേക്ക് തിരിക്കുമെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു. ജർമ്മനിയിൽ തമ്പടിച്ചിരിക്കുന്ന ആയിരം സേനാംഗങ്ങൾ റൊമാനിയയിലേക്ക് പോകുമെന്നും 2000 സേനാംഗങ്ങളെ അമേരിക്കയിൽ നിന്ന് പോളണ്ടിലേക്കും ജർമ്മനിയിലേക്കും അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് നാറ്റോ സെക്രട്ടറി ദനറൽ ജെൻസ് സ്റ്റോലൻബെർഗ് വ്യക്തമാക്കി.
അതേസമയം, അമേരിക്കയുടെ നടപടിയെ ശക്തമായി റഷ്യ അപലപിച്ചു. അതേസമയം, റഷ്യൻ ഭീഷണി അതിശക്തമാണെന്ന് തോന്നുന്നില്ലെന്നും എന്നാലും ഏത് സാഹചര്യവും അഭിമുഖീകരിക്കാൻ തങ്ങൾ തയ്യാറാണെന്നും യുക്രെയിൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. അതിനിടെ യുക്രെയിൻ അതിർത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരെയും പടക്കോപ്പുകളും റഷ്യ വിന്യസിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു. അമേരിക്ക ഏകദേശം 8,500 സൈനികരെ വിന്യസിക്കാന്‍ തയ്യാറാക്കി നിറുത്തിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
















