കണ്ണൂർ: ഇ ബുൾജെറ്റ് സഹോദരൻമ്മാർക്കെതിരായ കേസിൽ ഉത്തരവുമായി കോടതി. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എം വി ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കണം. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു.
കണ്ണൂർ ആർ ടി ഒയുടെ കസ്റ്റഡിയിലുള്ള വാഹനം കണ്ണൂർ പോലീസ് ക്യാമ്പിലാണുള്ളത്. വാഹന ഉടമയുടെ ചെലവിൽ രൂപം മാറ്റിയശേഷം തിരിച്ചിവിടെതന്നെ എത്തിക്കണമെന്നും കോടതി നിർദേശിച്ചു. വാഹനം ഈ കാര്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ആറു മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കപ്പെട്ട വാഹനത്തിൻ്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാതിരിക്കണമെങ്കിൽ ഈ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ് നിർദേശം.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലർ വാഹനത്തിൽ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇക്കാരണത്താലാണ് വണ്ടിയുടെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. വാഹനം മോടിപിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ലോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ആറ് മാസത്തേക്ക് രജിസ്ട്രേഷൻ റദ്ദാക്കിയത്. നേരത്തെ കണ്ണൂർ ആർ ടി ഓഫിസിൽ എത്തി ബഹളംവെക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.

















