കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിൻ്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഐസിയുവില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. ഓര്‍മശക്തിയും സംസാരശേഷിയും പൂര്‍ണ്ണമായും വീണ്ടെടുത്തു. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നശേഷമാണ് ഐസിയുവിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്.
സുരേഷിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിക്കാനാണ് ആലോചിക്കുന്നത്. ഡോക്ടർമാരോടും ആരോഗ്യപ്രവർത്തകരോടും വാവ സുരേഷ് സംസാരിച്ചു. സ്വന്തമായി ശ്വാസമെടുക്കുന്നുണ്ട്. ദ്രവരൂപത്തിൽ ആഹാരം കഴിക്കുന്നതായും ആരോഗ്യപ്രവർത്തകർ അറിയിച്ചു. ആന്റിബയോട്ടിക്കുകൾ തുടരും. വിഷം ഉള്ളിൽ ചെന്നതിൻ്റെ റിയാക്ഷൻ ശരീരത്തിൽ കാര്യമായില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കഴിഞ്ഞദിവസം സുരേഷിനെ
വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു.
കഴിഞ്ഞദിവസം ബോധം വന്നയുടനെ ‘ദൈവമേ’ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടി നൽകി. തിങ്കളാഴ്ചയാണ് വാവ സുരേഷിനെ മൂർഖൻ്റെ കടിയേറ്റ് ആശുപത്രിയിലെത്തിച്ചത്. കോട്ടയം, കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിൻ്റെ വലതുകാലിൻ്റെ തുടയിൽ പാമ്പു കടിച്ചത്.

















