കോട്ടയം: വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. സുരേഷ് സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ട്. തലച്ചോറിൻ്റെ പ്രവർത്തനം സാധാരണഗതിയിലായി. ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും അദ്ദേഹം സംസാരിച്ചു. ബോധം വന്നയുടനെ ‘ദൈവമേ’ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടി നൽകി.
ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലിൽ ചാരിയിരുത്തുകയും ദ്രവരൂപത്തിലുള്ള ആഹാരം നൽകുകയും ചെയ്തു. സുരേഷിൻ്റെ വെന്റിലേറ്റർ സഹായം താത്‌കാലികമായി മാറ്റിയിട്ടുണ്ട്. ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് ആദ്യം അവ്യക്തമായ മറുപടിയാണ് നൽകിയിരുന്നതെങ്കിലും അരമണിക്കുറിനുശേഷം പേരും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു. നാളെ മുറിയിലേക്ക് മാറ്റിയേക്കും. തിങ്കളാഴ്ചയാണ് വാവ സുരേഷിനെ മൂർഖൻ്റെ കടിയേറ്റ് ആശുപത്രിയിലെത്തിച്ചത്. കോട്ടയം, കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിൻ്റെ വലതുകാലിൻ്റെ തുടയിൽ പാമ്പു കടിച്ചത്.

















