കൊച്ചി: വധഗൂഢാലോചനക്കേസിൽ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തുള്ള പ്രോസിക്യൂഷൻ വാദം ഇന്ന്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ആണ് പ്രോസിക്യൂഷൻ നിലപാട്. ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു.
വധ ഗൂഡാലോചനയ്ക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ സ്ഥിതിക്ക് പ്രോസിക്യൂഷൻ കോടതിയിൽ എന്ത് നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഇതിനിടെ വധ ഗൂഡാലോചനാക്കേസിലെ പ്രതികളുടെ ശബ്ദ പരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ആലുവ കോടതിയുടെ പരിഗണനയിലുമാണ്.
അതേസമയം ബാലചന്ദ്ര കുമാറിൻ്റെ ആരോപണങ്ങൾക്ക് വിശ്വാസ്യത ഇല്ലെന്നും കേസിനു പിന്നിൽ ക്രൈംബ്രാഞ്ച് ഗൂഢാലോചന ആണെന്നുമായിരുന്നു ദിലീപിൻ്റെ വാദം. തനിക്കെതിരായ ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ വൈരുധ്യങ്ങളുണ്ട്. മൊഴിയിൽ ഇല്ലാത്ത പല കാര്യങ്ങളും FIR ൽ കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിൽ വ്യാജ തെളിവ് ഉണ്ടാക്കി തന്നെ കുടുക്കാനുള്ള നീക്കമാണ് ഗൂഢാലോചന കേസിന് പിന്നിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് തന്നോട് വ്യക്തി വിരോധം ഉണ്ടെന്നും ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.

















