തിരുവനന്തപുരം: സർക്കാരിനെതിരായ രണ്ട് കേസുകള്‍ ഇന്ന് ലോകായുക്ത പരിഗണിക്കും. കണ്ണൂർ വിസി നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ കേസെടുക്കണമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ കോടതി ഇന്ന് ഉത്തരവ് പറയും. രാജ്ഭവനിൽ നിന്നുള്ള നിർദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മന്ത്രി നിർദ്ദേശിച്ചതെന്ന് സർക്കാർ കഴിഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു.
എന്നാൽ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുൻകൈയെടുത്തതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുനനിയമനം നൽകിയതെന്ന് ഇന്നലെ രാജ്ഭവൻ വാർത്താക്കുറിപ്പിറക്കിയിരുന്നു. സർക്കാരിന്‍റെ വാദങ്ങളെ എതിർക്കുന്ന രാജ്ഭവന്‍റെ വാർത്താക്കുറിപ്പ് ഇന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ ലോകായുക്തയിൽ നൽകും.
ഗവര്‍ണര്‍ക്ക് കത്തെഴുതിയ മന്ത്രിയുടെ നടപടിയില്‍ അന്വേഷണം വേണോയെന്നാണ് ലോകായുക്ത തീരുമാനിക്കുന്നത്. ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗത്തില്‍ ചട്ടലംഘനം ആരോപിച്ച് മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയും ലോകായുക്ത ഇന്ന് പരിഗണിക്കും. ലോകായുക്തയില്‍ സര്‍ക്കാരിന് ഇന്ന് വിധി നിര്‍ണായകദിനമാണ്. മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹര്‍ജിയിലെ വിധിക്കൊപ്പം മുഖ്യമന്ത്രിക്കെതിരായ പരാതിയും പരിഗണിക്കുന്ന ദിനം.
കഴിഞ്ഞ ദിവസം നടന്ന വിശദമായ വാദത്തില്‍ മന്ത്രിക്ക് അനുകൂലമായിരുന്നു ലോകായുക്തയുടെ നിരീക്ഷണങ്ങള്‍. മന്ത്രിയുടെ കത്ത് ശുപാര്‍ശയല്ലെന്നും നിര്‍ദേശമാണെന്നും നിരീക്ഷിച്ച ലോകായുക്ത ഗവര്‍ണര്‍ക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാമായിരുന്നെന്നും പറഞ്ഞു. മാത്രവുമല്ല, ലോകായുക്തയുടെ പരിധിയില്‍ ചാന്‍സലറോ പ്രോ ചാന്‍സലറോ വരില്ല, കത്ത് ഇടപാട് ഇരുകൂട്ടരും സമ്മതിക്കുന്നതിനാല്‍ അന്വേഷണത്തിൻ്റെ പ്രസക്തിയെന്തെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചിരുന്നു.
വി സി നിയമനത്തില്‍ പേര് നിര്‍ദേശിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടത് ഗവര്‍ണറാണെന്ന് തെളിയിക്കുന്ന കത്തും സര്‍ക്കാര്‍ വാദത്തിനിടെ ഹാജരാക്കി. മന്ത്രിക്കെതിരായ ഹര്‍ജിയുടെയും ഗവര്‍ണറുടെ പരസ്യനിലപാടിൻ്റെയും മുനയൊടിക്കുന്നതാണ് ഈ തെളിവ്. ഇതിൻ്റെ അടിസ്ഥാനത്തില്‍ ഇന്നും വാദപ്രതിവാദം നടന്ന ശേഷമായിരിക്കും വിധി പറയുക.
ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനും ജോലിക്കിടെ അപകടത്തില്‍ മരിച്ച കോടിയേരി ബാലകൃഷ്ണൻ്റെ ഗണ്‍മാൻ്റെ കുടുംബത്തിനും ഉള്‍പ്പെടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ചത് ചടങ്ങള്‍ മറികടന്നെന്നാണ് മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി. ഇതില്‍ വാദമാണ് ഇന്ന് നടക്കുക.

















