പനജി: ജയിച്ചാല്‍ കൂറുമാറില്ലെന്ന് മണിപ്പൂരിലെ സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്. ഇഫാലിലെ കംഗ്ല കോട്ടയിലെത്തിയ സ്ഥാനാര്‍ഥികള്‍ തുടര്‍ന്ന് ക്ഷേത്രം, ക്രിസ്ത്യന്‍ പള്ളി, മുസ്ലീം പള്ളി എന്നിവിടങ്ങളിലെത്തി പ്രതിജ്ഞ എടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് കൂറുമാറില്ലെന്ന് സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ്, പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ഭക്ത ചരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കിയത്. പാര്‍ട്ടിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുമെന്നും അവര്‍ പ്രതിജ്ഞയെടുത്തു.
2017ലെ തിരഞ്ഞെടുപ്പിന് ശേഷം നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനേത്തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു നീക്കത്തിന് കോണ്‍ഗ്രസ് മുതിര്‍ന്നത്.
നേരത്തെ ഗോവയില്‍ കൂറുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ സ്ഥാനാര്‍ഥികളേയും അമ്പലത്തിലും പള്ളികളിലും എത്തിച്ച് ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞ എടുപ്പിച്ചിരുന്നു.
















