കാബൂൾ: അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബഗ്ലാനിൽ കൽക്കരി ഖനി തകർന്ന് പത്ത് പേർ മരിച്ചു. ബുധനാഴ്ചയാണ് അപകടമുണ്ടായത്.
ഖനി തകർന്നപ്പോൾ 13 തൊഴിലാളികൾ കുടുങ്ങിയിരുന്നുവെന്നും മൂന്ന് പേരെ മാത്രമാണ് ജീവനോടെ രക്ഷിച്ചതെന്നും പ്രവിശ്യാ ഇൻഫർമേഷൻ ഡയറക്ടർ അസദുല്ല ഹാഷിമി പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ ഖനന വ്യവസായത്തിന് മേൽനോട്ടം കുറവാണ്. അതുകൊണ്ടുതന്നെ മാരകമായ അപകടങ്ങൾ സാധാരണമാണ്.
ഓഗസ്റ്റിൽ താലിബാൻ അധികാരമേറ്റപ്പോൾ പരിചയസമ്പന്നരായ നിരവധി ഖനിത്തൊഴിലാളികൾ രാജ്യം വിട്ടുപോയെന്നും അവർക്ക് പകരക്കാർക്ക് പരിശീലനം ലഭിച്ചില്ലെന്നും പ്രദേശവാസി പറഞ്ഞു.
2020 ജൂണിൽ വടക്കൻ പ്രവിശ്യയായ സമംഗനിലെ ഒരു ഖനിയിൽ ഗ്യാസ് സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.
















