തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർ നിയമനത്തിൽ പങ്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ നിർദേശപ്രകാരമാണ് കണ്ണൂർ വി.സി പുനർ നിയമനം എന്ന വാർത്തകൾ തെറ്റാണെന്ന് ഗവർണർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഗവർണറുടെ നിർദേശപ്രകാരമാണ് പുനർ നിയമനം നൽകിയത് എന്നുള്ള വാർത്തകൾ പൂർണമായും വളച്ചൊടിക്കപ്പെട്ടതാണ്. വിസി നിയമനത്തിൽ മുൻകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമാണെന്ന് ഗവർണർ പറഞ്ഞു. നിയമനത്തിൽ പങ്കില്ലെന്ന് തെളിയിക്കാൻ നവംബർ 21 മുതൽ 23 വരെ സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും ഗവർണറുടെ വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു.
വി.സിയുടെ പുനര്‍നിയമന താത്പര്യമനുസരിച്ച് നവംബര്‍ 21ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെ.കെ. രവീന്ദ്രനാഥ് തന്നെ വന്ന് കണ്ടു. വി.സിയായ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനാണ് സര്‍ക്കാരിന് താത്‌പര്യമെന്ന് അറിയിച്ചു. ഈ കാര്യത്തിലുള്ള സര്‍ക്കാരിന്റെ ഔദ്യോഗികമായ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് രാജ്ഭവനില്‍ എത്തിക്കുമെന്ന് അറിയിച്ചതായും ഗവര്‍ണര്‍ പറയുന്നു. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പങ്കുമില്ലെന്നും താന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പുനര്‍നിയമനത്തിന് ഗോപിനാഥ് രവീന്ദ്രന്റെ പേര് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നത് എന്ന വാര്‍ത്തയും ഗവര്‍ണര്‍ നിഷേധിച്ചു.
കണ്ണൂർ വിസിയുടെ പുനർനിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണ്ണർ നിർദ്ദേശിച്ചെന്ന നിർണ്ണായക രേഖ ലോകായുക്തയിൽ സർക്കാർ ഹാജരാക്കിയിരുന്നു. ഗവർണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനർ നിയമനത്തിനായി മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നാണ് സർക്കാർ വാദം. ഗവർണ്ണറുടെ കത്ത് എടുത്തുചോദിച്ച ലോകായുക്ത, മന്ത്രി ശുപാർശ ചെയ്യാതെ നിർദ്ദേശം മാത്രമല്ലേ മുന്നോട്ട് വെച്ചതെന്ന് ചോദിച്ചിരുന്നു. കേസിൽ വിധി വരും മുമ്പ് ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുമോ എന്ന് വാദത്തിനിടെ ലോകായുക്ത ചോദിച്ചു.

















