ന്യൂഡല്‍ഹി: കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് സംസ്ഥാനങ്ങളിലും ടിപിആര്‍ നിരക്കും രോഗികളും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ ആകെ കേസുകളുടെ 24.68 ശതമാനമാണിത്. ഒപ്പം വീക്കിലി പോസിറ്റിവിറ്റി നിരക്കും കേരളത്തില്‍ കൂടുതലാണെന്നും 47 ശതമാണിതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളാ മോഡലിനെയും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിൽ കോവിഡ് മരണം കൂട്ടിച്ചേർത്തതിലാണ് കേന്ദ്രത്തിന്റെ വിമർശനം. ഒക്ടോബർ മുതൽ ഇതുവരെ 2,4730 മരണങ്ങളാണ് കേരളം കൂട്ടിച്ചേർത്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിൻ സെക്രട്ടറി ലാ അഗർവാൾ പറഞ്ഞു.
മരണം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് വീഴ്ചയുണ്ടായി. രോഗികളുടെ എണ്ണവും മരണസംഖ്യയും സംബന്ധിച്ച ഡേറ്റ കുറ്റമറ്റതാക്കണമെന്നും കേന്ദ്രം നിർദേശിച്ചു. കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിൽ സംസ്ഥാനങ്ങൾ കർശന നിർദേശം നൽകിയെങ്കിലും കേരളത്തിന് വീഴ്ചയുണ്ടായെന്നും അഗർവാൾ പറഞ്ഞു.
കേരളത്തിൽ ഇന്നലെ 52,199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്നലെ 29 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. മിസോറാമിൽ ഇന്നലെ 2145 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 29.12% ആണ് ടിപിആർ.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവയുള്‍പ്പെടെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കോവിഡ് കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും ഇടിവ് രേഖപ്പെടുത്തുന്നതായും ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സജീവ കോവിഡ് കേസുകളില്‍ സ്ഥിരമായ കുറവും കുറയുന്ന പ്രതിദിന പോസിറ്റിവിറ്റി നിരക്കും അണുബാധയുടെ വ്യാപനത്തിന്റെ കുറവ് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 297 ജില്ലകളില്‍ കോവിഡ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികമാണ്. ജനുവരി 26 ന് 406 ജില്ലകളിലായിരുന്നു പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികം ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച 169 ജില്ലകളിലായിരുന്നു 5 മുതല്‍ 10 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്നത്. ഈ ആഴ്ച ഇത് 145 ജില്ലകളായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 16 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആദ്യ ഡോസ് വാക്സിനേഷൻ 100% പൂർത്തീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല് സംസ്ഥാനങ്ങളിൽ 96-99% ശതമാനം ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. വാക്സിനേഷൻ കൂടുന്നത് മരണ നിരക്ക് കുറയുന്നതിന് സഹായിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
















