തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ശക്തമായി എതിർക്കാൻ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനം. യോഗത്തിൽ പാർട്ടി മന്ത്രിമാർക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നു. ലോകായുക്താ ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ചതിനായിരുന്നു വിമർശനം.
മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. മന്ത്രിസഭയിൽ വിഷയം എടുക്കുമെന്നറിഞ്ഞപ്പോൾ പാർടി സെന്ററിനെ അറിയിച്ചെന്ന് മന്ത്രിമാർ വിശദീകരിച്ചു. എന്നാൽ കൃത്യമായ മറുപടി പാർടി സെന്ററിൽ നിന്ന് കിട്ടിയില്ലെന്നും ഇത് ആശയകുഴപ്പമുണ്ടാക്കിയെന്നും മന്ത്രിമാർ മറുപടി നൽകി.
ലോകായുക്ത ഓർഡിനൻസിനെതിരെ പാർട്ടി സെക്രട്ടറി സ്വീകരിച്ച നിലപാടിന് എക്സിക്യൂട്ടിവിന്റെ പൂർണ പിന്തുണ ലഭിച്ചു. പാർട്ടിയുടെ അന്തസ് ഉയത്തിപ്പിടിക്കുന്ന നിലപാടാണ് സെക്രട്ടറിയുടേതെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.
കെ റെയിൽ പദ്ധതിക്കെതിരെയും എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു. ജനങ്ങളോട് യുദ്ധം ചെയ്ത് പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടിലാണ് യോഗം എത്തിയത്. രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനോട് വിശദീകരണം തേടാനും യോഗത്തിൽ തീരുമാനമായി.

















