ന്യൂഡല്‍ഹി: ബിജെപിക്കെതിരെ വമ്പൻ പ്രചാരണത്തിനൊരുങ്ങി കിസാൻ മോർച്ച. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് പ്രചാരണം നടത്തുന്നത്. കർഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിസാൻ മോർച്ച ബിജെപിക്ക് എതിരെ നിലപാട് കടുപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്നും ഇതിന് വേണ്ടി പ്രവർത്തിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ക്ക് നിവേദനം നല്‍കും. ഗ്രാമങ്ങള്‍ തോറും വ്യാപക പ്രചാരണം നടത്താനും കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. കാര്‍ഷിക മേഖല വലിയ രീതിയില്‍ അവഗണന നേരിട്ടു. ബജറ്റില്‍ കൃഷിയെയും കര്‍ഷകരെയും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. സമരം ചെയ്തതിന് കര്‍ഷകരോട് പക വീട്ടുന്നത് പോലെയാണ് കേന്ദ്രത്തിൻ്റെ നിലപാടെന്നും കിസാന്‍ മോര്‍ച്ച വിലയിരുത്തി. നല്‍കിയ വാഗ്ദാനങ്ങല്‍ പാലിച്ചില്ലെങ്കില്‍ മിഷന്‍ യുപി എന്ന പേരില്‍ ക്യാമ്പയിനുകള്‍ ആരംഭിക്കുമെന്ന് നേരത്തെയും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് എതിരെ പ്രചാരണം നടത്താനാണ് കര്‍ഷകരുടെ പുതിയ തീരുമാനം.
















