ന്യൂഡല്‍ഹി: കെ റെയിൽ പദ്ധതിയ്ക്ക് കേരള സർക്കാറിന് അനുമതി നൽകണമെന്ന ആവശ്യത്തെ ചൊല്ലി രാജ്യസഭയിൽ ബഹളം. സിപിഎം രാജ്യസഭാ നേതാവ് എളമരം കരീമിന്റെ ആവശ്യം അനുവദിക്കരുതെന്ന് പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തുവന്നതാണ് ബഹളത്തിനിടയാക്കിയത്. അതേക്കുറിച്ച് സഭയിൽ വിവാദം വേണ്ടെന്നും സർക്കാർ പദ്ധതി പഠിക്കട്ടെയെന്നും ഗുണദോഷങ്ങൾ എല്ലാം പരിശോധിച്ച് അന്തിമ തീരുമാനം എടുക്കട്ടെ എന്നുംപറഞ്ഞ് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ബഹളത്തിന് തടയിട്ടു.
‘സില്‍വര്‍ ലൈന്‍ ഗ്രീന്‍ ട്രാന്സ്പോട്ടേഷന് പദ്ധതിയാണ്. പ്രതിദിനം രണ്ട് ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതളളുന്നത് കുറയ്ക്കാന്‍ സാധിക്കും. പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് 15,000പേര്‍ക്ക് ജോലി നല്കാന് സാധിക്കും. നിര്‍മ്മാണം കഴിഞ്ഞ് 11,000പേര്‍ക്ക് ജോലി നല്കാന് സാധിക്കും. എത്രയും വേഗം പദ്ധതിക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്’- കരീം പറഞ്ഞു.
എന്നാല്‍, പാരിസ്ഥിതിക അനുമതിയില്ലാതെ കേരള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും കേരളത്തിലെ മൊത്തം ജനങ്ങളും പദ്ധതിക്ക് എതിരാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍, സഭയില്‍ ഇതേച്ചൊല്ലി വിവാദം വേണ്ടെന്നും പദ്ധതിയെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ പഠിച്ച് തീരുമാനമെടുക്കുമെന്നും രാജ്യസഭ ചെയര്മാന് വെങ്കയ്യ നായിഡു പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുകൂലമാണ് കോണ്‍ഗ്രസ് എന്ന വിധത്തില്‍ തൻ്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അതിവേഗ റെയില്‍പാത സംസ്ഥാനത്തിന് വേണ്ടെന്ന് പറഞ്ഞിട്ടില്ല എന്നാണ് ഉദ്ദേശിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് അതിൻ്റെ പ്രായോഗിക വശം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാങ്കേതികവശം പഠിച്ചും മറ്റും പദ്ധതിയുടെ ഗുണവും ദോഷവും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സർക്കാർ തയ്യാറാവണമെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.

















