ന്യൂഡല്‍ഹി: തമിഴ്‌നാടിനെ കുറിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നുവെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ‘ഇന്ത്യന്‍ ഭരണഘടനയുടെ ആശയങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് പാര്‍ലമെന്റിലെ നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു. ആത്മാഭിമാനമുള്ള സവിശേഷമായ സാംസ്‌കാരിക രാഷ്ട്രീയ വേരുകളില്‍ അധിഷ്ഠിതമായ തമിഴരുടെ ദീര്‍ഘകാല വാദങ്ങള്‍ നിങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു’ എന്ന് സ്റ്റാലിന്‍ ട്വീറ്റുകളില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ 45 മിനിറ്റ് പ്രസംഗത്തില്‍ രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞിരുന്നു. സര്‍ക്കാര്‍ ഫെഡറിലസത്തെ തകര്‍ക്കുകയാണെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുകയാണെന്നും രാഹുല്‍ ആരോപിക്കുകയുണ്ടായി. ‘നിങ്ങള്‍ ഭരണഘടന വായിച്ചാല്‍, ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ എന്നാണ് വിശേഷിപ്പിക്കുന്നത് എന്ന് അതില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഇന്ത്യ ഒരു സങ്കല്‍പ്പമല്ല മറിച്ച് സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ്. അതിൻ്റെ അര്‍ത്ഥം ഉത്തര്‍പ്രദേശില്‍ നിന്നുള്ള എൻ്റെ സഹോദരനുള്ള അതേ അവകാശം തമിഴ്‌നാട്ടില്‍ നിന്നുള്ള എൻ്റെ സഹോദരനും ഉണ്ടായിരിക്കണം’ രാഹുല്‍ പാര്‍ലമെന്റില്‍ പറയുകയുണ്ടായി.
ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്. രാജക്കാന്‍മാരുടെ സാമ്രാജ്യമല്ല. നിങ്ങള്‍ക്ക്, നിങ്ങളുടെ ജീവിതത്തിലൊരിക്കലും തമിഴ്‌നാട്ടിലെ ജനങ്ങളെ നിയന്ത്രണത്തിലാക്കാനാകില്ല. അതൊരിക്കലും സമാധ്യമാകുകയില്ല. എന്തുതന്നെയായാലും നിങ്ങള്‍ക്ക് ഒരിക്കലും ഇന്ത്യയിലെ സംസ്ഥാനങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ‘തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സില്‍ ഇന്ത്യയെന്ന ആശയം ഉണ്ട്. അവരെ അടിച്ചമര്‍ത്താമെന്നാണ് നിങ്ങള്‍ കരുതുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു സംസ്‌കാരമുണ്ട്. അവര്‍ക്ക് മാന്യതയുണ്ട്. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ഒരു പാരമ്പര്യമുണ്ട്. അവര്‍ക്ക് ഒരു ജീവിതരീതിയുണ്ട്. എല്ലാ ദിവസവും അവരില്‍ നിന്നെല്ലാം ഞാന്‍ പഠിക്കുന്നു’ രാഹുല്‍ പറഞ്ഞു.
















