ന്യൂഡല്‍ഹി: 2020 ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികരുടെയും ചൈനീസ് സൈന്യത്തിൻ്റെയും റിപ്പോര്‍ട്ടുകള്‍ പുറത്ത്. നാല് സൈനികര്‍ മാത്രമാണ് ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പത്രമായ ദി ക്ലാക്‌സോണ്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 38 ചൈനീസ് സൈനികരെങ്കിലും ഗാല്‍വന്‍ നദി മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ചെന്നാണ് വ്യക്തമാക്കുന്നത്.
സൈനികരുടെ മരണം സംബന്ധിച്ച് ചൈനയുടെ അവകാശവാദത്തിൻ്റെ ഒന്‍പത് ഇരട്ടിയാണ് യഥാര്‍ഥ സംഖ്യയെന്ന് ‘ദ ക്ലാക്‌സണ്‍’ പത്രത്തിൻ്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ‘ഗാല്‍വാന്‍ ഡീകോഡഡ്’ എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു സംഘം സോഷ്യല്‍ മീഡിയ ഗവേഷകര്‍ ഒരു വര്‍ഷം നീണ്ടുന്ന പഠനത്തിനൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചൈനീസ് സാമൂഹ്യമാധ്യമമായ ‘വെയ്‌ബോ’ അടക്കമുള്ളവയുടെ ഉപയോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു അന്വേഷണം.
ജൂണ്‍ 15-16 ദിവസങ്ങളില്‍ സംഘര്‍ഷത്തിൻ്റെ പ്രാരംഭഘട്ടത്തില്‍ ഗാല്‍വാന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 38 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രിയില്‍, സംഭവത്തിന് ശേഷം, സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം ഷിക്വാന്‍ഹെ രക്തസാക്ഷി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ സ്വദേശങ്ങളില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ രക്തസാക്ഷികളായതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചൈനയുടെ 35ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടതായും സംഭവത്തിനു ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു.
















