തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ കേന്ദ്രത്തിന്റെ കത്തുണ്ടെന്ന് പറഞ്ഞത് തെറ്റല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2019ല്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. അതിൻ്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സർക്കാർ പറഞ്ഞ് പറ്റിക്കുകയാണെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റിദ്ധാരണ പരത്തരുത്’. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനങ്ങളിൽ ബിജെപി നേതാക്കളെക്കാൾ വിശ്വാസം കോൺഗ്രസിനാണെന്നും വന്ദേ ഭാരത് പദ്ധതി പ്രഖ്യാപനങ്ങളെ ചൂണ്ടിക്കാട്ടി ധനമന്ത്രി പരിഹസിച്ചു. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്.
സംസ്ഥാനം നല്കിയ ഡിപിആർ പൂർണ്ണമല്ലെന്നും സാങ്കേതികമായി പ്രായോഗികമാണോ എന്ന വിവരങ്ങൾ കിട്ടിയിട്ടില്ലെന്നും റെയിൽമന്ത്രി പാർലമെൻറിനെ അറിയിച്ചു. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്.

















