തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല കല്ലമ്പലത്ത് സുഹൃത്തുക്കളായ മൂന്നുപേര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി. ഇതിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടതാണെന്നും ഒരാള്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ജീവനൊടുക്കിയതാണെന്നും പോലീസ് വ്യക്തമാക്കി. ഇവരുടെ സംഘത്തിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ പോലീസ് കസ്റ്റഡിയിലും നിരീക്ഷണത്തിലുമാണ്.
പിഡബ്യൂഡി ഉദ്യോഗസ്ഥനായ അജികുമാറിനെ കൊലപ്പെടുത്തിയത് പിന്നീട് ആത്മഹത്യചെയ്ത ബിനുരാജാണെന്നും പോലീസ് പറഞ്ഞു. ഇവരുടെ മറ്റൊരു സുഹൃത്തായ അജിത്തിനെ പിക്കപ്പ് വാന്‍ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയത് കസ്റ്റഡിയിലുള്ള സജീവ്കുമാറാണ്. അജികുമാറിൻ്റെ കൊലപാതകത്തില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ബിനുരാജ് ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പിഡബ്യൂഡി ഹെഡ് ക്ലാര്‍ക്കായ അജികുമാറിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നെഞ്ചിലുള്‍പ്പെടെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇതോടെ സംഭവം കൊലപാതകമാണെന്ന് പോലീസും ഉറപ്പിച്ചു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അജികുമാറിൻ്റെ സുഹൃത്തായ അജിത്ത് വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഇവരുടെ സുഹൃത്ത് സംഘത്തില്‍ ഉള്‍പ്പെട്ട സജീവ്കുമാറാണ് അജിത്തിനെ പിക്കപ്പ് വാന്‍ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയത്. ഈ സംഭവമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷം ബിനുരാജ് ബസ് ഇടിച്ചും മരിച്ചു.
ദേശീയപാതയില്‍ നാവായിക്കുളം മങ്ങാട്ടുവാതുക്കലിനു സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിടിച്ചാണ് ബിനുരാജ് മരിച്ചത്. ഇയാള്‍ ബസിനു മുന്നിലേക്കെടുത്തു ചാടുകയായിരുവെന്നാണ് കെഎസ്ആര്‍ടിസി ഡ്രൈവറും യാത്രക്കാരും മൊഴിനല്‍കിയത്. അജിത്തിൻ്റെ കൊലപാതകത്തില്‍ സജീവ്കുമാര്‍ കസ്റ്റഡിയിലായതോടെയാണ് മറ്റു രണ്ട് മരണങ്ങളിലും ചുരുളഴിഞ്ഞത്. ഇവരുടെ സുഹൃത്ത് സംഘത്തില്‍പ്പെട്ട മറ്റുള്ളവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജാണെന്നും ഈ കേസില്‍ പിടിക്കപ്പെടുമെന്ന ഭയമാണ് ബിനുരാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി അജികുമാറിൻ്റെ വീട്ടില്‍ സുഹൃത്തുക്കളെല്ലാം ഒത്തുചേര്‍ന്ന് മദ്യപിച്ചിരുന്നു. പിന്നീട് ബാക്കിയെല്ലാവരും പിരിഞ്ഞുപോവുകയും അജികുമാറും ബിനുരാജും മറ്റൊരാളും മാത്രം വീട്ടില്‍ അവശേഷിക്കുകയും ചെയ്തു. പിന്നാലെ മൂന്നാമത്തെയാളും ഇവിടെനിന്ന് പോയെന്നും ഇതിനുശേഷമാണ് അജികുമാറും ബിനുരാജും തമ്മില്‍ തര്‍ക്കമുണ്ടായതെന്നും കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസിൻ്റെ നിഗമനം. അജികുമാര്‍ കൊല്ലപ്പെട്ട സമയത്ത് ബിനുരാജ് മാത്രമേ വീട്ടിലുണ്ടായിരുന്നുളളൂവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിച്ചാണ് മറ്റുള്ളവരാരും സംഭവസമയം അജികുമാറിൻ്റെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. അജികുമാറിൻ്റെ മരണവിവരമറിഞ്ഞതിന് പിന്നാലെയാണ് സുഹൃത്തുക്കള്‍ക്കിടയില്‍ വീണ്ടും തര്‍ക്കമുണ്ടായത്. ഈ തര്‍ക്കമാണ് അജിത്തിൻ്റെ കൊലപാതകത്തില്‍ കലാശിച്ചത്. അജിത്തിനെ സജീവ്കുമാര്‍ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് ബിനുരാജ് ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പോലീസിൻ്റെ നിഗമനം. അജിത്തിൻ്റെ കൊലപാതകത്തില്‍ സജീവ് പിടിയിലായതോടെ അജികുമാറിൻ്റെ കൊലപാതകത്തില്‍ താനും പിടിയിലാകുമെന്ന ഭയമാകാം ബിനുരാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു.

















