ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പാർലമെന്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെഗാസസ് ചാര സോഫ്റ്റ്‌വെയർ വഴി ഇന്ത്യക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യ പെഗാസസ് സോഫ്റ്റവെയർ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്കെതിരായ രാഹുലിന്റെ വിമർശനം. പെഗാസസ് വിഷയം ചർച്ചചെയ്യാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാരും രംഗത്തു വന്നിരുന്നു. ബിജെപി രാജ്യത്തെ അപകടകരമായ നിലയിലേക്ക് എത്തിച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
ചൈന വലിയ ഭീഷണിയായത് മനസിലാക്കുന്നില്ല. സമ്പന്നനും ദരിദ്രനും തമ്മിലെ അന്തരം വർധിച്ചു. ഇപ്പോഴുള്ളത് രണ്ട് ഇന്ത്യ, ഒന്ന് ധനികർക്കുള്ള ഇന്ത്യ, രണ്ട് തൊഴിലും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത പാവപ്പെട്ടവരുടെ ഇന്ത്യയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. ഒരു വ്യക്തിക്ക് ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും കൈമാറുന്നു. രാഷ്ട്രപതിയുടെ പ്രസംഗം ബ്യൂറോക്രാറ്റിക് ആശയങ്ങൾ മാത്രമാണെന്നും രാഹുൽ വിമർശിച്ചു.
മോദി സർക്കാർ 23 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ടു, അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയാണ് ഇന്ത്യയിൽ, സംഘപരിവാർ രാജ്യത്തെ ദുർബലമാക്കുന്നു. യുപിഎ സർക്കാർ 10 വർഷം കൊണ്ട് 27 കോടി ജനങ്ങളെയാണ് പട്ടിണിയിൽ നിന്ന് കരകയറ്റിയതെന്നും രാജ്യം അകത്ത് നിന്നും പുറത്ത് നിന്നും വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് തകർത്ത രാജപാരമ്പര്യം ഇന്ത്യയിൽ തിരിച്ചു വന്നിരിക്കുന്നു. രാജ്യത്ത് ഇപ്പോഴുള്ളത് ചക്രവർത്തിയാണെന്ന് പ്രധാനമന്ത്രിയെ സൂചിപ്പിച്ച് രാഹുൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക ഔന്നത്യവും സംസ്ക്കാരവും ഉണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ ഭരിക്കാൻ ബിജെപി എന്തൊക്കെ ശ്രമിച്ചാലും കഴിയില്ല. സമവായത്തിലൂടെയും സംവാദത്തിലൂടെയും മാത്രമേ ഇന്ത്യയെ ഭരിക്കാനാകൂയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
















