തിരുവനന്തപുരം: മീഡിയവണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി തടഞ്ഞത് തിങ്കളാഴ്ച വരെ തുടരും. കേസ് തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.
കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹൈക്കോടതിയിൽ ഹാജരായത്. മീഡിയവൺ ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ കേന്ദ്ര സർക്കാർ മുദ്രവെച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. അത് പരിശോധിക്കണമെന്ന ആവശ്യം എ.എസ്.ജി കോടതിയിൽ ഉന്നയിച്ചു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മീഡിയവണിനെതിരായ നടപടിയെന്ന് എ.എസ്.ജി കോടതിയിൽ വ്യക്തമാക്കി.
സുരക്ഷ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ എടുത്തത്. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് പറയാവുന്ന കാര്യങ്ങൾ പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

















