കൊച്ചി; കോവിഡിൻ്റെ പേരിൽ ഭക്തജനങ്ങൾക്ക് കർശന നിയന്തണങ്ങൾ ഏർപ്പെടുത്തി ആചാരനുഷ്ടാനങ്ങൾ നടത്താൻ പമ്പയിൽ വിലക്കേർപ്പെടുത്തിയ ദേവസ്വം ബോർഡ് പമ്പാ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുവാദം നൽകിയ നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഏതു സ്വഭാവത്തിലുള്ള ട്രസ്റ്റാണെന്നു പോലും വൃക്തമാക്കാതെ കോവിഡിൻ്റെ മൂർദ്ധന്യാവസ്ഥയിൽ പമ്പയിൽ ദേവസ്വം ബോർഡിൻ്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ഈ മാസം19 മുതൽ 27 വരെ രാമ കഥാ മേള എന്ന പേരിൽ പണം വാങ്ങി കാർണിവൽ നടത്താൻ സ്വകാര്യ ട്രസ്റ്റിന് അനുവാദം നൽകിയ ബോർഡ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറിവി ആർ രാജശേഖരനും വ്യക്തമാക്കി.
ബലിതർപ്പണം പോലുള്ള ചടങ്ങുകൾക്ക് പമ്പയിൽ വിലക്കേർപ്പെടുത്തിയ ബോർഡും ഗവൺമെൻ്റും ഇത്തരം സ്വകാര്യ ചടങ്ങുകൾക്ക് അനുവാദം നൽകിയതിൻ്റെ പിന്നിലെ രഹസ്യം ഭക്തജനങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടന കാലം കഴിഞ്ഞ ശേഷം കോവിഡിൻ്റെ അതി തീവ്ര മൂന്നാം ഘട്ടത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ഈ സ്വകാര്യപരിപാടി സംശയാസ്പദമാണ്. ഇക്കാര്യങ്ങളിൽ ദേവസ്വംബോർഡ് വിജിലൻസ് അന്വേഷണം നടത്തി കൂടുതൽ വ്യക്തത വരുത്തണം എന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

















