പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ്കുമാർ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സന്ദീപ് വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തൽ. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
കേസിലെ ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യം ഉണ്ടായിരുന്നു. ജിഷ്ണു ഒഴികെയുള്ളവർക്ക് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മറ്റ് പ്രതികൾ ജിഷ്ണുവിനെ സഹായിച്ചു. പ്രതികൾ സംഘം ചേർന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പാക്കിയതെന്ന് കുറ്റപത്രം. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷ് അടക്കം ആകെ ആറ് പ്രതികളാണ് കേസിലുള്ളത്.
പ്രതികളുടെ കുറ്റസമ്മത മൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. ആകെ 79 സാക്ഷികൾ. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി രേഷ്മ ശശിധരന് മുന്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

















