അട്ടപ്പാടി: അട്ടപ്പാടി മധു കൊലപാതക കേസില്‍ പുനരന്വേഷണം വേണമെന്ന് കുടുംബം. നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകനോടാണ് കുടുംബം ആവശ്യമറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ അപവാദപ്രചാരണത്തിനെതിരെ നടപടി വേണമെന്നും മധുവിൻ്റെ കുടുംബം ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. കേസിൻ്റെ തുടർ നടത്തിപ്പ് സർക്കാർ തന്നെയാകും.
മധുവിന്‍റെ കൊലപാതകം കഴിഞ്ഞ ആഴ്ച കോടതി പരിഗണിക്കുമ്പോൾ സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്ന് സ്പെഷൽ പ്രോസിക്യൂട്ടർ എവിടേയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ മധുവിൻ്റെ വീട്ടുകാർ സ്പെഷൽ പ്രോസിക്യൂട്ടർക്ക് എതിരെ രംഗത്തെത്തി. കേസ് സിബിഐ അമ്പേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിൻ്റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല. ഇതിനിടയിൽ കേസിൽ നിലപാട് വ്യക്തമാക്കി സ്പെഷൽ പ്രോസിക്യൂട്ടർ രംഗത്തെത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പോലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാൻ കാരണമെന്ന് അഡ്വ.വി ടി രഘുനാഥ് പറഞ്ഞു. തനിക്കെതിരെ സംശയമുയർന്ന സാഹചര്യത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറായി തുടരുന്നതിൽ താൽപര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾ ആവശ്യപ്പെട്ട രേഖകൾ പോലീസ് കൈമാറാതെ വിസ്താര നടപടികൾ തുടങ്ങാൻ കഴിയില്ല. ആദ്യ കുറ്റപത്രത്തിൽ പഴുതുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

















