ന്യൂഡല്‍ഹി: പുതിയ അവസരങ്ങളുടെ സമയമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ബജറ്റ് സാശ്രയത്വമുള്ള ആധുനിക ഇന്ത്യ സൃഷ്ടിക്കും. നദീസംയോജനം കാര്‍ഷികമേഖലയെ മാറ്റും. പ്രകൃതി സൗഹൃദ കാര്‍ഷിക ഇടനാഴി സ്ഥാപിക്കും. അതിര്‍ത്തിയിലെ ഗ്രാമങ്ങളെ സമഗ്രമായി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മിനിമം താങ്ങുവിലയെക്കുറിച്ച് പല തെറ്റിധാരണകളും പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് 19ന് ശേഷമുള്ള പുതിയ ലോകക്രമത്തില്‍ ഇന്ത്യയോടുള്ള ലോകത്തിൻ്റെ കാഴ്ചപ്പാടില്‍ മാറ്റം ഉണ്ടായിട്ടുണ്ടെന്നും മോദി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന തീരുമാനങ്ങളുടെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഫലമായി ഇന്ത്യയുടെ ജിഡിപി ഇരട്ടിയായി വര്‍ധിച്ചതായും മോദി പറഞ്ഞു. സ്വയംപര്യാപ്തവും ആധുനികവുമായ ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഇന്ത്യയെ ആധുനികവത്കരിക്കുന്നതിനുള്ള നിരവധി സുപ്രധാന നടപടികള്‍ പുതിയ ബജറ്റില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണത്തെ ബജറ്റില്‍ പാവപ്പെട്ടവര്‍ക്കായി 80 ലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിനായി 48,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൈവ കൃഷിക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഇന്ത്യയുടെ കാര്‍ഷിക രംഗത്തെ ആധുനികവത്കരിക്കുന്നതിന് ഇത്തവണത്തെ ബജറ്റ് പ്രത്യേക പ്രാധാന്യം നല്‍കുന്നു. അതിലൂടെ കൃഷി കൂടുതല്‍ ലാഭകരമാക്കുന്നതിനുള്ള വഴിയൊരുങ്ങും. കര്‍ഷകര്‍ക്ക് ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഒരു ദേശീയ കര്‍മപദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് നമ്മുടെ കര്‍ഷകരെയും കൂടുതല്‍ ശക്തിപ്പെടുത്തും. ഈ സീസണില്‍ കര്‍ഷകര്‍ക്ക് താങ്ങുവിലയായി 1.5 ലക്ഷം കോടി രൂപയുടെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തി ഗ്രാമങ്ങളിലൂടെയുള്ള കുടിയേറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതുകൊണ്ടുതന്നെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും വികസനത്തിനമായി ബജറ്റില്‍ പ്രത്യേക പദ്ധതികളുണ്ട്.
വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ലഭ്യതു ഉറപ്പുവരുത്തുന്നതിന് ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്. വൈകാതെതന്നെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റിയും 5-ജി സാങ്കേതികതയും ലഭ്യമാക്കും. 2013-14 കാലത്ത് ഇന്ത്യയുടെ പൊതു നിക്ഷേപം വെറും 1.87 ലക്ഷം കോടിയായിരുന്നു. ഇത്തവണത്തെ ബജറ്റില്‍ അത് 7.5 ലക്ഷം കോടിയാണ്. യുപിഎ സര്‍ക്കാരിൻ്റെ കാലത്തേതിനെ അപേക്ഷിച്ച് ഇത് നാലിരട്ടി വര്‍ധനവാണ്. ഇത് നേരിട്ടുള്ള വിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിന് അവസരമൊരുക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു.
















