പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്. അത്തിക്കോട് സ്വദേശിയും എസ് ഡി പി ഐ പ്രവർത്തകനുമാണ് അറസ്റ്റിലായത്. തിരിച്ചറിയൽ നടപടി പൂർത്തിയാകാത്തതിനാൽ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്ന അഞ്ചു പേർ പിടിയിലായി. കേസിൽ ഫെബ്രുവരി 10നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചിരുന്നു. നവംബർ 15നാണ് പലക്കാട് മമ്പുറത്തെ ആർഎസ്എസ് പ്രവർത്തകനായ എ സഞ്ജിത്ത് കൊല്ലപ്പെട്ടത്.
ഭാര്യയുമൊത്ത് ബൈക്കിൽ പോകുമ്പോൾ ഒരു സംഘം സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.

















