കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കൈക്കൂലി ആരോപണത്തിൽ പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ. പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം കെ മൻസൂറിനെയാണ് സസ്‌പെൻഡ് ചെയ്തത്. തലശേരി സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. അപേക്ഷകയിൽ നിന്ന് ഗൂഗിൾപേ വഴിയാണ് കൈക്കൂലി വാങ്ങിയത്. മറ്റൊരു പരാതിയിൽ ജീവനക്കാരനെതിരെ അന്വേഷണം തുടരുകയാണ്.
മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എംജി സർവ്വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി ജെ എൽസി അറസ്റ്റിലായിരുന്നു. വിദ്യാർത്ഥിയിൽ നിന്ന് എൽസി നേരത്തെയും പണം വാങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. അതേസമയം എൽസിയുടെ നിയമനത്തിലും ക്രമക്കേട് നടന്നെന്നാണ് വിവരം.
2016ൽ അനധ്യാപക നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ട ശേഷം എംജി സർവകലാശാലയിൽ ചട്ടം ലംഘിച്ച് നടന്നത് 49 നിയമനങ്ങളാണ്. ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. കൈക്കൂലി വാങ്ങിയതിന് പിടിയിലായ എൽസിയുടെ നിയമനം ഉൾപ്പെടെ റദ്ദാക്കണമെന്നായിരുന്നു 2020ൽ നൽകിയ റിപ്പോർട്ട്.

















