ദുബായ്: യു.എ.ഇ.യിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷയേകാൻ പ്രഖ്യാപിച്ച പുതിയ തൊഴിൽനിയമം ബുധനാഴ്ച പ്രാബല്യത്തിൽവരും. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞവർഷമാണ് പുതിയനിയമം പ്രഖ്യാപിച്ചിരിക്കുന്നത്. സഹപ്രവർത്തകർ അല്ലെങ്കിൽ മേലുദ്യോഗസ്ഥർ നടത്തുന്ന ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, ഔദ്യോഗികരേഖകൾ പിടിച്ചെടുക്കൽ എന്നിവയെല്ലാം നിയമം തടയുന്നു. ഫുൾടൈം, പാർട്ട്‌ടൈം ഉൾപ്പെടെ എല്ലാതരം ജീവനക്കാർക്കും പുതിയ നിയമം ബാധകമായിരിക്കും.
െപ്രാബേഷൻ ആറുമാസത്തിൽ കൂടരുത്. െപ്രാബേഷൻ സമയത്ത് പിരിച്ചുവിടുകയാണെങ്കിൽ 14 ദിവസത്തെ നോട്ടീസ് നൽകണം. തൊഴിൽകാലാവധി കഴിഞ്ഞാൽ യു.എ.ഇ. വിടണമെന്ന് ഇനിമുതൽ ഉടമയ്ക്ക് നിർബന്ധിക്കാൻ സാധിക്കില്ല. ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊന്നിലേക്ക് തൊഴിലാളിക്ക് നിഷ്പ്രയാസം മാറാൻ അനുവാദം ലഭിക്കും.
















