ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അജിത് കുമാറിന്റെ സമ്മർദത്തിന് വഴങ്ങി കേസ് ഇവർ അട്ടിമറിച്ചെന്നായിരുന്നു കണ്ടെത്തൽ.
രക്ഷാപ്രവർത്തന കേസ് അന്വേഷിച്ച മൂന്ന് ഡിവൈഎസ്പിമാരുടെ മൊഴിയിലാണ് കേസന്വേഷണത്തിലെ അട്ടിമറി പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി സൂപ്രണ്ടുമാർക്കെതിരെ കേസ് അട്ടിമറിയിൽ ഉടനടി സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാതെ, വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷം അന്തിമ നടപടിയെടുത്താൽ മതിയെന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.
വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമായ ശേഷമായിരിക്കും ഇവർക്കെതിരെയുള്ള ശിക്ഷാനടപടികൾ അന്തിമമായി തീരുമാനിക്കുക.
















