കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. ബെംഗളൂരുവിലെ വ്യാപാരിയിൽ നിന്നും ആറ് കാറുകൾ തട്ടിയെടുത്തതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പണം നൽകാതെ കാറുകൾ തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.ബംഗലൂരു സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് നടപടി.
ബെംഗളൂരു സ്വദേശിയിൽ നിന്നും 86 ലക്ഷം രൂപയുടെ കാറുകളാണ് മോൻസൻ തട്ടിയെടുത്തത്. കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ചാണ് കാറുകൾ മോൻസൻ വാങ്ങിയത്. പക്ഷേ അതിന് ശേഷം ഇയാൾ പണം നൽകിയില്ല. തുടർന്ന് ബെംഗളൂരു സ്വദേശി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രതിയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും സംയോജിപ്പിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അതിനിടെ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനെവഴിവിട്ട് സഹായിച്ചതിന്റെ പേരിൽ നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ നീട്ടിയിരിക്കുകയാണ്. സസ്പെൻഷൻ കാലാവധി നാല് മാസം കൂടിയാണ് നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീരുമാനം. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്പെന്‍റ് ചെയ്തത്.

















