തിരുവനന്തപുരം;ഒമിക്രോൺ സാഹചര്യത്തിൽ ആശുപത്രികൾക്കുള്ള മാർഗനിർദേശമിറക്കി. ഒപിയിലോ, അത്യാഹിത വിഭാഗത്തിലോ, കിടത്തി ചികിത്സയ്‌ക്കോ വരുന്ന രോഗികൾക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധ നടത്തിയാൽ മതി. തുടർ ചികിത്സയ്ക്ക് കോവിഡ് പരിശോധന അനിവാര്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർ നിർദേശിച്ചാലും പരിശോധിക്കാം. എല്ലാ ആശുപത്രികളുകളിലും കോവിഡ് രോഗലക്ഷണവുമായി വരുന്നവർക്ക് ചികിത്സിക്കാൻ പ്രത്യേക ഇടം സജ്ജീകരിക്കാൻ നോക്കണം. ഒപിയിലും അത്യാഹിത വിഭാഗത്തിലും ഒരോ പ്രവേശന മാർഗം മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവർത്തകർ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം.
വിവിധ സ്‌പെഷ്യാലിറ്റിയിൽ അഡ്മിറ്റായ രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സിക്കാൻ ആ സ്‌പെഷ്യാലിറ്റിയുടെ കീഴിൽത്തന്നെ പ്രത്യേക വാർഡുകൾ സജ്ജീകരിച്ച് രോഗിയെ അവിടെ ചികിത്സിക്കണം. ഓരോ വിഭാഗവും, അവരുടെ രോഗികൾക്ക് കോവിഡ് ബാധിച്ചാൽ പരിചരിക്കാൻ പ്രത്യേക കിടക്കകൾ നീക്കിവയ്‌ക്കേണ്ടതാണ്. അടിയന്തര ചികിത്സ ആവശ്യമെങ്കിൽ മാത്രം കോവിഡ് ഐസിയുവിൽ മാറ്റണം. എല്ലാ ആരോഗ്യ പ്രവർത്തകരും എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്, സർജിക്കൽ ഗൗൺ എന്നിവ ധരിക്കണം. അതീവ ഗുരുതര വിഭാഗ ചികിത്സക്ക് മാത്രം പി പി ഇ കിറ്റ് ഉപയോഗിച്ചാൽ മതി.
ആശുപത്രിയിൽ സൗകര്യങ്ങളുണ്ടെങ്കിൽ ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ള ഡയാലിസിസ് രോഗികൾക്ക് കോവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടക്കരുത്.

















