തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ കത്തിൽ ശിപാർശ ഇല്ലെന്നും നിർദേശം മാത്രമേയുള്ളുവെന്നും ലോകായുക്ത. വിസി നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തിയ മന്ത്രിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ പ്രതികരണം.
വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജിയിൽ ഉത്തരവ് വെള്ളിയാഴ്ച. വിസിയുടെ പുനർ നിയമനത്തിൽ അന്വേഷണം ആവശ്യമുണ്ടോ എന്നതും വെള്ളിയാഴ്ച തീരുമാനിക്കും. മന്ത്രി പ്രപ്പോസൽ നൽകിയെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത് എന്തുകൊണ്ടു നിരസിച്ചില്ലെന്നു വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു.
ചാൻസലർക്കെതിരെ ആരോപണമില്ലെന്നും, മന്ത്രി പദവി ദുരുപയോഗം ചെയ്തെന്നും പക്ഷപാതം കാണിച്ചെന്നുമാണു പരാതിയെന്നും പരാതിക്കാരനു വേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം പറഞ്ഞു.
ബിന്ദു, മന്ത്രി പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിനു തെളിവില്ല. വൈസ് ചാൻസലറിൽനിന്നു മന്ത്രിക്ക് എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചതായി തെളിവും സമർപ്പിച്ചിട്ടില്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്ക് പ്രഫസറായി നിയമനം നൽകിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനിൽക്കില്ല. രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നതു വലിയ അപരാധമാണോ?. ഒരു സ്ത്രീ ആരുടെയെങ്കിലും ഭാര്യയായിരിക്കും. പല അധ്യാപക തസ്തികകളിലേക്കും ഈ ഘട്ടത്തിൽ കണ്ണൂർ സർവകലാശാല നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്നും ലോകായുക്ത ചോദിച്ചു.
അതേസമയം വിസിയുടെ പേര് നിർദേശിക്കാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്നും സർക്കാർ ലോകായുക്തയെ അറിയിച്ചു. ഇതു സംബന്ധിച്ച് വിസിയുടെ പേര് നിർദേശിക്കാനുണ്ടോയെന്ന് ചോദിച്ച് ഗവർണർ സർക്കാരിനയച്ച കത്ത് ലോകായുക്തയിൽ ഹാജരാക്കി. ഇതിന് മറുപടിയായാണ് മന്ത്രി പേര് നിർദ്ദേശിച്ചതെന്നും സർക്കാർ ലോകായുക്തയിൽ വ്യക്തമാക്കുകയാണുണ്ടായത്.

















