കൊച്ചി; വധശ്രമ, ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നത് സംബന്ധിച്ചുള്ള പ്രോസിക്യൂഷന്റെ ഉപഹര്‍ജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് കേസ് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടിയന്തരമായി തീരുമാനമെടുക്കണം എന്നതാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം.
ജാമ്യപേക്ഷ വൈകുന്ന ഓരോ ദിവസവും ക്രൈം ബ്രാഞ്ച് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്ന് ദിലീപ് ആരോപിക്കുന്നു. എന്നാൽ ദിലീപിന് അറസ്റ്റിൽ നിന്ന് സംരക്ഷണം ഉള്ളതിനാൽ ഓരോ ദിവസവും തെളിവുകൾ നശിപ്പിക്കുകയാണ് എന്നാണ് പ്രോസിക്യൂഷൻ ആരോപണം. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യപേക്ഷ തള്ളണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് പ്രോസിക്യൂഷൻ.
അതേസമയം ഫോണുകളുടെ കാര്യത്തില്‍ ദിലീപ് ഇന്നലെ വ്യക്തത വരുത്തിയിരുന്നു. പ്രോസിക്യൂഷന്‍ പട്ടികയിലെ 2, 3, 4 ക്രമനമ്പറിലുള്ള ഫോണുകളാണ് പ്രതിഭാഗം കോടതിയില്‍ കൈമാറിയത്. ഒന്നാമതായി പറയുന്ന ഐഫോണ്‍ ഏതെന്ന് അറിയില്ലെന്നും പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐഫോണ്‍ ആകാമെന്നുമാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്കാണ് ആദ്യം തീരുമാനിച്ചതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഇന്ന് തന്നെ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

















