തിരുവനന്തപുരം : കൊല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‌മഹത്യ ചെയ്ത വിസ്മയ കേസില്‍ പ്രതി കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന്‍ പിള്ള മൊഴി നല്‍കി. ഈ കുറിപ്പ് താന്‍ പൊലീസിന് കൈമാറിയെന്നും കോടതിയില്‍ സദാശിവന്‍ പിള്ള പറഞ്ഞു.
ഇതോടെയാണ് സദാശിവന്‍ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിച്ചു. നേരത്തെ പൊലീസിനു നല്‍കിയ മൊഴിയിലും മാദ്ധ്യമങ്ങള്‍ക്കു മുന്നിലും ആത്മഹത്യാ കുറിപ്പിനെ പറ്റി സദാശിവന്‍ പിള്ള പറഞ്ഞിരുന്നില്ല.
ശബ്ദം കേട്ടെത്തിയപ്പോള്‍ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നാണ് സദാശിവന്‍ പിള്ള പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ആത്മഹത്യാകുറിപ്പ് പൊലീസിന് കൈമാറിയെന്നാണ് മൊഴി നല്‍കിയത്.
കഴിഞ്ഞ വർഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കേരള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിനെ പിന്നാലെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.

















