കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. പക്ഷേ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. അടുത്ത അഞ്ച് മണിക്കൂർ നിർണായകമാണെന്നാണ് ആശുപത്രിയിൽ നിന്ന് മന്ത്രി വി.എൻ വാസവൻ നൽകുന്ന വിവരം. വാവ സുരേഷിന്റെ ഹൃദയത്തിന്റെ നില സാധാരണ ഗിതിയിലായി. എന്നാൽ തലച്ചോറിലേക്ക് രക്തം എത്തുന്നതിന് തടസമുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്തു വെച്ച് മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് വാവസുരേഷിന് കടിയേറ്റത്. കാലിൽ കടിയേറ്റ സുരേഷിനെ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ഇദ്ദേഹം ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാമ്പിനെ പിടിക്കാൻ വൈകീട്ട് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തയത്. പാമ്പിനെ പിടികൂടി ചാക്കിൽ ഇടന്നതിനിടെ മൂർഖൻ കറങ്ങിവന്ന് തുടയിൽ കൊത്തുകയായിരുന്നു.

















