കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളിൽ നിർണായകമായ ഐ ഫോണില്ല.
ദിലീപ് കൈമാറിയത് പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ്. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ ആദ്യ ക്രമനമ്പറിൽ പറയുന്ന ഐ ഫോൺ ഹാജരാക്കിയിട്ടില്ല. ഈ ഫോൺ ഏതാണെന്ന് തന്നിക്ക് വ്യക്തമല്ല. താൻ പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐ ഫോൺ ആകാമിതെന്നും പണ്ട് ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണെങ്കിൽ ഇത് നിലവിൽ തൻറെ കൈവശമില്ലെന്നും പ്രവർത്തന രഹിതമായതിനെ തുടർന്ന് ഈ ഫോൺ ഉപേക്ഷിച്ചതായും ദിലീപ് കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ട നാലാമത്തെ ഫോൺ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ ഐഎംഇഐ നമ്പറിലുള്ള ഫോൺ ആണ് തന്റെ രണ്ടാമത്തെ ഐ ഫോൺ എന്നാണ് ദിലീപ് ഇപ്പോൾ പറയുന്നത്. ഈ ഫോൺ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഫോണുകൾ കൈമാറിയത് സംബന്ധിച്ച ഫയൽ ചെയ്ത മെമ്മോയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്.
കോടതി നിര്‍ദേശപ്രകാരം ദിലീപിന്റെ അടക്കം ആറു മൊബൈല്‍ ഫോണുകളാണ് തിങ്കളാഴ്ച ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിനു കൈമാറിയത്. ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്‌സ് ടി. വര്‍ഗീസ് ആണ് റജിസ്ട്രാര്‍ ജനറല്‍ പി.കൃഷ്ണകുമാറിന് ഫോണുകള്‍ കൈമാറിയത്. പത്തുമണിയോടെ ഹൈക്കോടതിയില്‍ കൊണ്ടുവന്ന ആറു ഫോണുകളും പത്തേ കാലിനാണ് റജിസ്ട്രാര്‍ ജനറലിന്റെ ഓഫിസില്‍ എത്തിച്ചത്. ഈ ഫോണുകള്‍ ഫോറൻസിക് പരിശോധനക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനമെടുക്കും.
ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദിലീപിന്റെ നിലപാടെങ്കിലും ഈ ഫോൺ ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

















