ദുബായ്: യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളവും യുഎഇയും തമ്മിൽ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യുഎഇ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇതിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും ഉറപ്പ് നൽകി.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു. എട്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച്ചയാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയത്. കോവിഡ് വെല്ലുവിളികളെ യുഎഇ അതിജീവിച്ചിരിക്കുകയാണ്. യുഎഇയില്‍ 2 ലക്ഷത്തോളം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും യുഎഇ മന്ത്രി പറഞ്ഞു.
കൂടിക്കാഴ്ചക്കെത്തിയ മുഖ്യമന്ത്രി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, നോര്‍ക്ക വൈസ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലി, മിര്‍ മുഹമ്മദ് ഐ എ എസ് ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കാന്‍ യുഎഇ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തിയിരുന്നു. സാമ്പത്തിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ജുമാ മുഹമ്മദ് അല്‍ കൈത്ത്, വാണിജ്യ വിഭാഗം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ നെയിമി, എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
കോവിഡ് വ്യാപകമായതിനുശേഷം ആദ്യമായി ദുബായിലെത്തിയ മുഖ്യമന്ത്രിയോട് പ്രവാസി ക്വാറണ്ടീനിലെ അശാസ്ത്രീയത അടക്കമുള്ള വിഷയങ്ങളാണ് ഗള്‍ഫ് മലയാളികള്‍ക്ക് പരാതിപ്പെടാനുള്ളത്. ദുബായില്‍ മലയാളി സമൂഹം നല്‍കുന്ന സ്വീകരണത്തില്‍ പ്രവാസി അനുകൂല പ്രസ്ഥാവനകളുണ്ടാകുമെന്ന പ്രതീക്ഷയിലാണവര്‍. ഗള്‍ഫില്‍ കോവിഡിൽ മരിച്ചവർക്കുള്ള നഷ്ട പരിഹാരത്തിൻ്റെ പട്ടികയിൽ പ്രവാസി കുടുംബങ്ങളെ ഉൾപ്പെടുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം.
കേരളത്തിലെ വിമാനത്താവളങ്ങളിലുള്ള കൂടിയ റാപിഡ് പരിശോധനാനിരക്ക് കുറയ്ക്കുകയും ഏകീകരിക്കുകയും വേണം. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് വർധിപ്പിച്ച പ്രവാസി ക്ഷേമ പെൻഷൻ വിതരണം ചെയ്യണം. ശരാശരി 5000 രൂപ പെൻഷൻ നൽകുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണം. പ്രായമായ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും അനുവദിക്കണം. നോർക്കയുടെയും ലോക കേരളസഭയുടേയും പ്രവർത്തനം കൂടുതൽ സുതാര്യവും ഉപകാരപ്രദമാക്കാനും മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു.

















