കൊച്ചി: ദിലീപിൻ്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിൻ്റെ പരാതി. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന ഷലീഷിൻ്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കൊടകര കോടാലി സ്വദേശി സലീഷ് എന്ന യുവാവ് 2020 ഓഗസ്റ്റ് 30നാണ് വാഹനാപകടത്തില്‍ മരിച്ചത്. അങ്കമാലി ടെല്‍ക്കിന് സമീപത്തുവെച്ചായിരുന്നു അപകടം. എറണാകുളം പെന്റാമേനകയില്‍ മൊബൈല്‍ഫോണ്‍ സര്‍വീസ് നടത്തി വന്നിരുന്നയാളാണ് സലീഷ്. ദിലീപിൻ്റെ മൊബൈല്‍ഫോണുകള്‍ സലീഷാണ് സര്‍വീസ് നടത്തിയിരുന്നത്.
അന്ന് ഈ അപകടത്തില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ ദിലീപിൻ്റെ കേസുമായി ബന്ധെപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാരിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ, യുവാവിൻ്റെ മരണത്തില്‍ സംശയമുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപണം ഉന്നയിച്ചിരുന്നു. ഈ ആക്ഷേപം മുന്‍നിര്‍ത്തിയാണ് സലീഷിൻ്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. മരിക്കും മുമ്പ് സലീഷ് ദിലീപിനെ കാണാന്‍ പോയിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദിലീപിനൊപ്പം ഇയാള്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

















