തിരുവനന്തപുരം: വൈദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബി തയ്യാറാക്കിയ താരിഫ് പെറ്റീഷന് അംഗീകാരത്തിനായി ഇന്ന് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കാനിരിക്കെയാണ് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെഎസ്ഇബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കും. കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൾ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. 5 വർഷം കൊണ്ട് 2.30 രൂപയുടെ വർധനയും വേണം. ഏറ്റവും ഉയർന്ന നിരക്ക് വർധനയാണ് ബോർഡ് ആവശ്യപ്പെടുന്നത്. 5 വർഷത്തേക്കു വൈദ്യുതി നിരക്കു പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ചു കെഎസ്ഇബി തയാറാക്കിയ താരിഫ് പെറ്റിഷൻ അംഗീകാരത്തിനായി ഇന്നു റഗുലേറ്ററി കമ്മിഷനു സമർപ്പിക്കും.

















