കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്നും പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് പരിശോധിക്കുകയാണെന്നും ഇന്ന് നടപടിയുണ്ടാകുമെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ്ജ്. ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയ പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേർക്കെതിരെ കേസെടുത്തതെന്നും കമ്മീഷണർ വ്യക്തമാക്കി.
പെൺകുട്ടികൾ ഇപ്പോൾ യുവാക്കൾക്ക് പങ്കില്ലന്ന് പറയുന്നത് പരിശോധിക്കണം. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് തൻ്റെ അഭ്യർത്ഥനയെന്നും എ വി ജോർജ് കൂട്ടിച്ചേർത്തു. പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും തീരുമാനമെടുക്കും.
പ്രതി പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ ചേവായൂര്‍ സ്റ്റേഷനിലെ പാറാവുകാരനും ജനറല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനും വീഴ്ച പറ്റിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഉചിതമായ നടപടി കമ്മീഷണര്‍ക്ക് തീരുമാനിക്കാമെന്ന രീതിയിലാണ് റിപ്പോര്‍ട്ട്. പ്രതിയെ ഒന്നര മണിക്കൂറിനകം പിടിക്കാന്‍ കഴിഞ്ഞതിനാല്‍ കടുത്ത നടപടിയുണ്ടായേക്കില്ലെന്നും സൂചനയുണ്ട്.
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയാണ്. ഇന്നലെ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പെണ്‍കുട്ടികളുമായി സംസാരിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയംഗങ്ങള്‍ ചില്‍ഡ്രന്‍സ് ഹോമിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കും.

















