കോഴിക്കോട്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു. അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. ബാക്കി അഞ്ച് കുട്ടികളുടെ പുനരധിവാസം അടക്കം ഉറപ്പാക്കാൻ ഇന്ന് സിഡബ്ല്യുസി യോഗം ചേരും. അതേസമയം, ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിൽ ഇന്ന് തീരുമാനം ഉണ്ടാവും.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വെളളിമാടുക്കുന്ന് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികളെ കാണാതായത്. പോലീസ് അന്വേഷണത്തിൽ കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയിൽ രഹസ്യമൊഴി നൽകിയ പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കി.
അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ നേരത്തെ പോലീസിന് മൊഴിനൽകിയിരുന്നു. ബാക്കിയുള്ള 5 കുട്ടികളെ മറ്റൊരു ബാലമന്ദിരത്തിലേക്ക് ഉടൻ തന്നെ മാറ്റിയേക്കും അതിനിടെ, അറസ്റ്റിലായ യുവാക്കൾ നിരപരാധികളെന്ന് വിളിച്ചുപറഞ്ഞ് കുട്ടികൾ മാധ്യമങ്ങൾക്ക് മുമ്പിലെത്താൻ ശ്രമിച്ചെങ്കിലും അധികൃതർ ഇടപെട്ട് നീക്കി. തിരികെ ബാലമന്ദിരത്തിലെത്തിച്ചതിലും കുട്ടികൾ പ്രതിഷേധിച്ചു.