പ്രമുഖ ഹോസ്പിറ്റലായ കിംസ് ഹെൽത്തിന്റെ ചെയർമാൻ ഡോ. എം. ഐ. സഹദുള്ള പാപ്പർ ഹർജി നൽകിയെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത. ഒരു ഓൺലൈൻ മാധ്യമമാണ് ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചത്. കെട്ടിച്ചമച്ചതും അസത്യവുമായ ഈ വാർത്ത മറ്റു ചില ഓൺലൈൻ മാധ്യമങ്ങളും തെറ്റായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി അവരുടെ ബേക്കൽ പ്രോജക്ടിന് വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എടുത്ത ലോണുമായി ബന്ധപ്പെട്ടാണ് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. എന്നാൽ ഇത് മനസിലാക്കാതെയാണ് വ്യാജ വാർത്തകൾ നൽകിയിട്ടുള്ളത്.
ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് കമ്പനി ലോൺ തുക തിരിച്ചടവിൽ മുടക്കം വരുത്തിയതിനെ തുടർന്ന് എസ്‌ബിഐ, അപ്പുലേറ്റ് ബോഡിയായ എൻ.സി.എൽ.ടി യെ സമീപിക്കുകയും കമ്പനിക്കു എൻ.സി.എൽ.ടി. മുടക്കത്തുക തിരിച്ചടയ്ക്കുന്നതിനുവേണ്ടി 6 മാസത്തെ സമയം അനുവദിക്കുകയും ചെയ്തു. എന്നാൽ ഇത് പരിഗണിക്കാതെ എൻ.സി.എൽ.ടി. കൊച്ചിൻ ട്രിബ്യുണൽ ഈ തുക കിംസ് ചെയർമാൻ ഡോ. സഹദുള്ളയിൽ നിന്ന് ഈടാക്കണമെന്ന നിലയിൽ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ഈ ഉത്തരവ് നിയമപ്രകാരം വസ്തുതകൾ കണക്കിലെടുക്കാതെയും നിലനിൽക്കാത്തതുമാണ്. വിഷയത്തിൽ, ഉത്തരവിന് എതിരെ അപ്പീൽ നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഈ വസ്തുതകൾ മറച്ചുവെച്ചാണ് വാർത്തകൾ നൽകിയിട്ടുള്ളത്.
അതേസമയം, വാർത്തയിൽ ആരോപിച്ചത് പോലെ കിംസ് ഹെൽത്ത് സ്ഥാപനങ്ങളുമായി ഈ കേസിനോ നടപടികൾക്കോ യാതൊരു ബന്ധവുമില്ല. ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിക്കെതിരായ വാർത്തയാണ് കിംസിന് എതിരെ തിരിച്ചു വിട്ടിരിക്കുന്നത്. ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരെ നൽകിയ വാർത്ത പോലും തെറ്റായിരിക്കെ അത് കിംസ് ഹെൽത്തിന്റെ പേരിലേക്ക് മാറ്റാനുള്ള ചില ഓൺലൈൻ മാധ്യമങ്ങളുടെ താല്പര്യത്തിന് പിന്നിൽ ഗൂഡലക്ഷ്യങ്ങൾ ഉണ്ടെന്ന് കിംസ് അധികൃതർ അറിയിച്ചു. വ്യാജ വാർത്ത നൽകിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കിംസ് കേസ് നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.