തിരുവനന്തപുരം: രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്പെന്ഷന്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ റസിഡന്റ് ഡോക്ടറായ അനന്തകൃഷ്ണനെതിരെയാണ് നടപടി. അനന്തകൃഷ്ണനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഡോക്ടർ മോശമായി പെരുമാറുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ‘മുട്ടുകാല് ഞാൻ തല്ലിയൊടിക്കും, ഇറങ്ങിപ്പോടാ…’ എന്ന് ആക്രോശിച്ചായിരുന്നു പെരുമാറ്റം.
ഡോക്ടറുടെ പെരുമാറ്റം മെഡിക്കൽ കോളേജിൻ്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. അനന്തകൃഷ്ണൻ്റെ പെരുമാറ്റം ആശുപത്രിക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതായി വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട് നൽകിയിരുന്നു. അന്തിമ റിപ്പോർട്ട് വരുന്നത് വരെ അനന്തകൃഷ്ണൻ ജോലിക്ക് വരേണ്ടതില്ലെന്നാണ് പ്രിൻസിപ്പാൾ സാറ വർഗ്ഗീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സംഭവത്തിൽ കർശന നടപടി എടുക്കണം എന്ന് ആരോഗ്യ മന്ത്രിയും അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.