കൊച്ചി; വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപിന്‍റെ ഫോണുകൾ ഇന്ന് മുംബൈയിൽ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിലുള്ളത്. നാല് ഫോണുകൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല. നാല് ഫോണുകളില്‍ രണ്ടെണ്ണം സഹോദരന്‍ അനൂപിന്‍റെയും ഒന്ന് ബന്ധു അപ്പുവിന്‍റേതുമാണ്. ഈ ഫോണുകള്‍ കേരളത്തില്‍ തന്നെയുണ്ട്. മുംബൈയിലുള്ള രണ്ട് ഫോണുകള്‍ ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തിക്കും. നാളെ രാവിലെ 10.15നു മുന്‍പായി ഫോണുകള്‍ കോടതിയിലെത്തിക്കണം. ഫോണുകള്‍ എവിടെയാണ് പരിശോധന നടത്തേണ്ടതെന്ന് കോടതി തീരുമാനിക്കും. പരിശോധനാ റിപ്പോര്‍ട്ട് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക.
2017-18 കാലത്തു പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ നിര്‍ണായക തെളിവാണ്. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിള്‍, ഒരു വിവോ ഫോണുകളും മറ്റൊരു ഫോണും സഹോദരന്‍ അനൂപിന്റെ രണ്ടു ഹുവായ് ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, തനിക്കു മൂന്നു ഫോൺ മാത്രമേ ഉള്ളെന്നാണ് ദിലീപിന്‍റെ വാദം.അന്വേഷണ സംഘത്തെ അപായപ്പെടുത്തുമെന്നു പറഞ്ഞതു ശാപവാക്കാണെന്നാണ് പ്രതികളുടെ വാദം. എന്നാൽ, ഇതിനു തുടര്‍ച്ചയായി എന്തു നടന്നെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഇതില്‍ നിര്‍ണായകമാണ്. കോടതി നല്‍കിയിട്ടുള്ള സംരക്ഷണം നീക്കിയാല്‍ ഫോണുകള്‍ കണ്ടെടുത്താന്‍ കഴിയുമെന്നും പ്രോസിക്യൂഷന് വാദിച്ചു.

















