ന്യൂഡൽഹി: ഇന്ത്യ പെഗസസ് വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. പെഗസിസ് വിവാദത്തിൽ ന്യൂയോർക് ടൈംസിൻ്റെ ആധികാരികത സംശയകരമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ട് ചെയ്തവരാണ് ന്യൂയോർക്ക് ടൈംസ് എന്നും വി മുരളീധരൻ പറഞ്ഞു. ഇസ്രായേൽ കമ്പനിയായ എൻഎസ്ഒയുടെ ചാരസോഫ്റ്റ്‍വെയറായ പെഗസസ് ഇന്ത്യ വാങ്ങിയതായി ന്യൂയോർക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
2017ലെ സൈനിക കരാറിൻ്റെ ഭാഗമായി ഇസ്രായേലിൽ നിന്ന് വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചിരുന്നു. നേരത്തേ, ഇന്ത്യയിൽ ചോർത്തലിന് ഇരയായവരുടെ പട്ടിക ‘ദ വയർ’ പുറത്തുവിട്ടിരുന്നു. 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‍വെയർ വാങ്ങിയതെന്നാണ് ന്യൂയോക് ടൈംസ് പറയുന്നത്. ഇരുരാജ്യങ്ങളും ഒപ്പിട്ട സൈനിക കരാറിലാണ് പെഗാസസിൻ്റെ കൈമാറ്റവും ഉള്‍പ്പെട്ടിരിക്കുന്നത്. മിസൈല്‍ സംവിധാനവും പെഗാസസുമായിരുന്നു കരാറിലെ തന്ത്രപ്രധാനവസ്തുക്കളെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രായേല്‍ സര്‍ക്കാരും എൻഎസ്ഒ ഗ്രൂപ്പും ചേര്‍ന്ന് പെഗസസ് സോഫ്റ്റ്‍വെയർ എതിരാളികളെ നിരീക്ഷിക്കാനുള്ള ഉപകരണമാക്കി ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർക്ക് എത്തിച്ചുനൽകുകയായിരുന്നു. ഇന്ത്യ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതിൻ്റെ രേഖകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇസ്രായേലില്‍ നിന്ന് പെഗാസസ് സോഫ്റ്റ്‍വെയർ വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ ചോദ്യത്തില്‍ നിന്ന് രാജ്യസുരക്ഷയുടെ പേരില്‍ ഒഴിഞ്ഞുമാറുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്.
എൻഎസ്ഒ ഗ്രൂപ്പുമായി ഒരു തരത്തിലുള്ള വാണിജ്യ ഇടപാടുകളും നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ വര്‍ഷം പ്രതിരോധ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ പെഗാസസ് ഉപയോഗിച്ച് തങ്ങളെ നിരീക്ഷണം നടത്തിയെന്ന് കാണിച്ച് രാഷ്ട്രീയക്കാരടക്കം നിരവധി പേർ പരാതി നല്‍കുകയും പരാതി പരിശോധിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം, ലോകായുക്തയിൽ ഭേദഗതി ആവശ്യമില്ലെന്നാണ് ബിജെപിയുടെ നിലപാട് എന്ന് വി മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിൽ ഓർഡിൻസ് കൊണ്ടുവരുമ്പോൾ ജനാധിപത്യ വിരുദ്ധമെന്ന് പറയുന്നവർ തിരക്കിട്ട് ഓർഡിൻസ് ഇറക്കുന്നത് ആരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. അഴിമതിയോടുള്ള സിപിഐഎം കാപഠ്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നത്. സിപിഐഎമ്മിൻ്റെ തനിനിറം പുറത്തായി.
എല്ലാ കുറ്റങ്ങളും മോദിയുടെ തലയിലാണ് ചാർത്തുന്നത്. കോടിയേരിയുടെ ന്യായീകരണത്തിന് സഹതാപം മാത്രമാണുള്ളതെന്നും മന്ത്രി പരിഹസിച്ചു. നിങ്ങൾ നിയമിക്കുന്ന ലോകായുക്ത സർക്കാരിനെ അസ്ഥിരപ്പെടുത്തുമെന്നതിൻ്റെ യുക്തി എന്താണ്, മോദിയുടെ ചാരന്മാരാണ് ഇവരെന്നാണോ പറയുന്നത്, ഗവർണർ ബിജെപിയുടെ ശമ്പളക്കാരനല്ലെന്നും നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യവും ശേഷിയും അദ്ദേഹത്തിനുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
















