കൊച്ചി: ദിലീപിന്‍റെ ഫോണുകള്‍ പരിശോധിച്ചാല്‍ മാത്രം മതി എല്ലാ വിവരങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. നാലിലധികം ഫോണുകളിലായി പത്തിലധികം സിമ്മുകളുണ്ട്. ദിലീപിന്‍റെ സഹോദരി ഭർത്താവ് ഉപയോഗിച്ച ഫോൺ നിർബന്ധമായും ഹാജരാക്കണം. അതിൽ നിരവധി തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. തന്‍റെ ആരോപണങ്ങളെക്കാള്‍ അതിസങ്കീര്‍ണ്ണമായ പലവിഷയങ്ങളും ഫോണില്‍ നിന്ന് പുറത്തുവരും. തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ദിലീപ് കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിച്ചിരുന്നു. അതിന്‍റെ നിജസ്ഥിതി പുറത്തുവരണമെങ്കിലും ഫോണ്‍ പരിശോധിക്കണമെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.
ദിലീപിന്‍റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15 ഓടെ ഹാജരാക്കാനാണ് ഉത്തരവ്. പ്രോസിക്യൂഷന്‍റെ നിലപാട് അംഗീകരിച്ചാണ് ദിലീപിന്‍റെ വാദങ്ങൾ തള്ളി ഹൈക്കോടതി ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചിരിക്കുന്നത്.