നിയോകോവ് വൈറസിനെക്കുറിച്ചുള്ള വാർത്തകളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. ആൽഫ, ഡെൽറ്റ, ഒമിക്രോൺ തുടങ്ങിയവപോലെ കോവിഡിന് കാരണമാകുന്ന ‘സാർസ് കോവ്-2’ വൈറസിന്റെ വകഭേദമല്ല നിയോകോവ്. നേരത്തേത്തന്നെ വവ്വാലുകളിൽ കണ്ടെത്തിയിട്ടുള്ള നിയോകോവ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതിവ്യാപനശേഷിയും മൂന്നിലൊരാളിൽ മരണത്തിന് കാരണമാവുകയും ചെയ്തേക്കാവുന്ന പുതിയ വൈറസിനെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയെന്ന തരത്തിൽ കഴിഞ്ഞദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചൈനയിലെ വുഹാനിൽനിന്നുള്ള ശാസ്ത്രജ്ഞർ ‘ബയോആർക്കൈവ്‌സ്’ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിയോകോവ് മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. എന്നാൽ, ഈ പഠനം വേണ്ടത്ര വിശകലനങ്ങൾക്ക് വിധേയമായിട്ടില്ല.
വർഷങ്ങൾക്കുമുമ്പേ ദക്ഷിണാഫ്രിക്കയിൽ വവ്വാലുകളിൽ നിയോകോവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. കൊറോണ വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് നിയോകോവ് എന്നും വിദഗ്ധർ പറയുന്നു.