സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. ഹൃദയസ്പർശിയായ കുറിപ്പോടെയാണ് താരം പത്ത് വർഷത്തെ തൻ്റെ സിനിമാ യാത്രയിലെ സന്തോഷവും കൂടെ നിന്നവർക്ക് നന്ദിയും അറിയിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഒരുപാട് സിനിമകളും കഥാപാത്രങ്ങളും ചെയ്തു. ഇന്ന് ഞാനും സിനിമയുമെല്ലാം മാറി. പക്ഷേ ഇന്നും സിനിമയോടുള്ള തൻ്റെ ആവേശവും സ്‍നേഹവും വര്‍ദ്ധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ടൊവിനൊ തോമസ് കുറിച്ചു.
“പത്ത് വർഷം മുമ്പ് ഇതേ ദിവസമാണ് ഞാൻ സിനിമയ്ക്കായി ക്യാമറയുടെ മുന്നിൽ ആദ്യമായി നിൽക്കുന്നത്. പത്ത് വർഷങ്ങൾ, ഒരുപാട് സിനിമകളും കഥാപാത്രങ്ങളും കടന്ന് പോയി. ഇന്ന് എൻ്റെ ജീവിതം മാറിമറിഞ്ഞു, സിനിമ മാറി, മറ്റ് പല കാര്യങ്ങളും വ്യത്യസ്തമായി.. പക്ഷേ സിനിമയോടുള്ള എൻ്റെ അഭിനിവേശവും പ്രണയവും ഓരോ ദിവസവും കൂടിയിട്ടേ ഉള്ളൂ… മെച്ചപ്പെടുത്താനുള്ള സാധ്യത എപ്പോഴും ഉണ്ടെന്ന് എനിക്കറിയാം. അത് മികച്ചതാക്കാൻ എപ്പോഴും ഇടമുണ്ട്. എല്ലാ ദിവസവും മെച്ചപ്പെടാൻ ആവശ്യമായ കാര്യങ്ങൾ ഉൾക്കൊള്ളാൻ ഞാൻ തയ്യാറാണെന്നും എനിക്കറിയാം.
എൻ്റെ യാത്രയിൽ ഏതെങ്കിലും തരത്തിൽ ഭാഗഭാക്കായ എല്ലാ വ്യക്തികൾക്കും, നന്ദി അറിയിക്കാൻ ഞാൻ ഈ നിമിഷം ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന എല്ലാ പ്രോജക്ടുകളും, ഇത് വരെയുള്ള എല്ലാ അനുഭവങ്ങളും അറിവുകളും മുന്നിലുള്ള വെല്ലുവിളികളും എന്നെ ആവേശം കൊള്ളിക്കുന്നു. മറ്റൊരു 10 വർഷത്തിനുള്ളിൽ ഇതേപോലുള്ള ഒരു കുറിപ്പ് പങ്കുവയ്ക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല.. എല്ലാ സ്നേഹത്തിനും നന്ദി”-
ടൊവിനോ കുറിച്ചു.
തൻ്റെ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം ടൊവിനോ തോമസ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും, നന്ദിയെന്നും, സിനിമയെന്നും, സന്തോഷം, എന്നുമൊക്കെയുള്ള ടാഗോടു കൂടിയാണ് ടൊവിനോയുടെ പോസ്റ്റ്. 2012 ൽ ‘പ്രഭുവിൻ്റെ മക്കൾ’ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് പുറത്തിറങ്ങിയ ‘എബിസിഡി’ എന്ന ചിത്രത്തിലെ വില്ലൻ വേഷം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. 2015ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘എന്ന് നിൻ്റെ മൊയ്തീനി’ലെ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോയെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. ‘മിന്നല്‍ മുരളി’യെന്ന ചിത്രത്തിൻ്റെ വിജയത്തിലാണ് ഇപ്പോള്‍ ടൊവിനൊ തോമസ്.
ഇതാദ്യമായി മലയാള സിനിമയില്‍ ഒരു സൂപ്പര്‍ഹീറോ നായകനായപ്പോള്‍ ടൊവിനോ തോമസ് അത് തൻ്റെ പേരിലാക്കിയിരിക്കുകയാണ്. ബേസില്‍ ജോസഫിൻ്റെ സംവിധാനത്തിലുള്ള ചിത്രം വൻ വിജയമാണ് സ്വന്തമാക്കിയത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ എന്ന വിശേഷണവുമായെത്തിയ ‘മിന്നൽ മുരളി’യാണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാരദൻ, വാശി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.